ദൈവങ്ങൾ ഇന്ത്യ വിടുന്നു.
തങ്ങളുടെ വിശ്വപ്രസിദ്ധമായ വടിയുടെ അറ്റത്ത്
തത്വശാസ്ത്രങ്ങളുടെ ഭാണ്ഡവും കെട്ടി
അവർ നടന്നു.
മുൻപ് ഇന്ത്യ വിട്ട ബ്രിട്ടീഷുകാരുടെ അതേ ദുഃഖം.
നല്ല നാടയിരുന്നു.
അവസാനത്തെ മതപുരയും ഉടച്ചു.
ഇനി ഞങ്ങൾ
ഒരു കൂരയിൽ ഒരുമിച്ച് ഇരിക്കാം
ഒരു പാത്രത്തിൽ കഴിക്കാം
ഒരു പായിൽ ഉറങ്ങാം.
ആരും കേട്ടില്ല.
തിരികെ ഒരു വിളിക്കായി അവർ കൊതിച്ചു.
മനുഷ്യർ മാത്രം.
മിനാരങ്ങൾ തകർന്നപ്പോൾ നിഴൽ മാറി.
ജാതി സസ്യം മാത്രമാണെന്ന് നിഘണ്ടു തിരുത്തി.
കവലയിൽ സാഹിത്യം.
കലയിൽ പ്രകൃതി.
ഗാന്ധിയുടെ നെഞ്ചിൽ നിന്ന് വെടിയുണ്ട
തിരികെ ഗോഡ്‌സെയുടെ തോക്കിലേക്ക്.
ഗോഡ്‌സെ ഗാന്ധിയെ നോക്കി ചിരിച്ചു
ഗാന്ധിയും.
No comments:
Post a Comment