Monday, March 1, 2021

പടിയിറക്കം

 ദൈവങ്ങൾ ഇന്ത്യ വിടുന്നു.

തങ്ങളുടെ വിശ്വപ്രസിദ്ധമായ വടിയുടെ അറ്റത്ത് 

തത്വശാസ്ത്രങ്ങളുടെ ഭാണ്ഡവും കെട്ടി

അവർ നടന്നു.

മുൻപ് ഇന്ത്യ വിട്ട ബ്രിട്ടീഷുകാരുടെ അതേ ദുഃഖം.

നല്ല നാടയിരുന്നു.


അവസാനത്തെ മതപുരയും ഉടച്ചു.

ഇനി ഞങ്ങൾ

ഒരു കൂരയിൽ ഒരുമിച്ച് ഇരിക്കാം 

ഒരു പാത്രത്തിൽ കഴിക്കാം

ഒരു പായിൽ ഉറങ്ങാം.

ആരും കേട്ടില്ല.

തിരികെ ഒരു വിളിക്കായി അവർ കൊതിച്ചു.


മനുഷ്യർ മാത്രം.

മിനാരങ്ങൾ തകർന്നപ്പോൾ നിഴൽ മാറി.

ജാതി സസ്യം മാത്രമാണെന്ന്  നിഘണ്ടു തിരുത്തി.

കവലയിൽ സാഹിത്യം.

കലയിൽ പ്രകൃതി.


ഗാന്ധിയുടെ നെഞ്ചിൽ നിന്ന് വെടിയുണ്ട

തിരികെ ഗോഡ്‌സെയുടെ തോക്കിലേക്ക്.

ഗോഡ്‌സെ ഗാന്ധിയെ നോക്കി ചിരിച്ചു

ഗാന്ധിയും.



കനം

 ജീവിക്കാനുള്ള ത്വരയുടെ കനം.

പഠിച്ച് പാസായ പരീക്ഷകൾ വീടിന്റെ 

ഒരു ഭാഗത്ത് കനം കൊടുത്തു.

പഠിച്ച,പഠിപ്പിച്ച കടം

അച്ഛന്റെ കീശയുടെ കനം കെടുത്തി.

മനം മടുത്തവൻ തന്റെ കനം

ഉത്തരത്തിൽ അളന്നു.നല്ല കനം.

അളക്കാൻ അറിയാത്തവർ തെരുവിൽ ഇറങ്ങി.

കോട്ടമതിലിൽ കല്ലെറിഞ്ഞു 

കനം ഉള്ളവരെ കനം ഉള്ളവർ തച്ചു.

മുള ശുദ്ധരക്തം കുടിച്ചു.

രാജാവ് പുതിയ ചിത്രത്തിനായി ചമഞ്ഞിരുന്നു.

ജനം ഇടത്‌ വിരൽ പിന്നെയും മിനുക്കി.

കനം കനമായി തന്നെ നിന്നു 

നെറ്റിയിൽ, കവിളിൽ,നെഞ്ചിൽ.


ജാ

 ജാ

ജാതിയില്ലെന്ന് നടിക്കുന്ന നാട്ടിൽ

തിന്നാൻ കൊടുത്തിട്ട് ജാതി 

ചോദിപ്പൂ.

ദിനം തോറും കവലകൾ കൊട്ടി വിയർ-

ക്കുന്ന കൊറ്റികൾ അങ്ങിങ്ങ് പതിയിരു-

ന്നോതുന്നു , ജാതി നോക്കി വിളമ്പൂകി-

ടാക്കളെ.

മൈനകൾ, കാക്കകൾ, താറാവുകൾ പിന്നെ

രേഖയില്ലാത്ത പല ഇരുകാലികൾ കണ്ടു!

            ഇല്ലാത്തെ കോലായിൽ ഓലക്കുടയും

            പണ്ട് കളം വിട്ട അറിയിപ്പ് ചെണ്ടേം.